മലയാളം ബ്ലോഗ്‌

Thursday, December 20, 2012

ഒരു തിറയുടെ ഓര്‍മയ്ക്ക്‌ ..



"നാണിയെടത്യെ ങ്ങള് തിറക്ക് പോണില്യേ?"

അന്ന് അവുഞ്ഞിക്കാട്ടെ തിറയായിരുന്നു. നാട്ടിലെ പ്രധാന തിrകളില്‍ ഒന്ന്.

"ഇല്ല അനോ. അത് നമ്മടെ തറയല്ലല്ലോ. തിയ്യന്മാരുടെ അല്ലെ?"

 അനു എന്നത് പെണ്‍കുട്ടികളുടെ പേരായത് കൊണ്ട് ചെറുപ്പത്തില്‍ ആര് എന്നെ അനു എന്ന് വിളിച്ചാലും ഞാന്‍ അടിയുണ്ടാക്കുമായിരുന്നു. എന്നാല്‍ എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമറിയാവുന്ന നാണിയെടത്തി വിളിച്ചാല്‍ മാത്രം ഞാന്‍ മിണ്ടാതെ കേള്‍ക്കും.

"അതെന്താ തിയ്യന്മാര്‍ക്ക് മാത്രം തിറ?"

"മാനുക്കുട്ടന്‍ നിന്റെ അടുത്ത് ഒന്നും പറഞ്ഞു തന്നില്ലേ? ഓ ഓന്‍ കമ്മ്യൂണിസ്റ്റ്‌ ആണല്ലോ അല്ലേ?"

അതെ അച്ഛന്‍ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ ഉറച്ച വേരോട്ടമുള്ള മറ്റു മലബാര്‍ ഗ്രാമങ്ങളെപ്പോലെയല്ല മലപ്പുറത്തെ ഗ്രാമങ്ങള്‍. ,. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉറച്ച കോട്ടയായ നാട്ടില്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ പോലും കമ്മ്യൂണിസ്റ്റ്‌ എന്നത് അത്ര നല്ല വാക്കല്ല. പഞ്ചായത്ത് ഓഫീസില്‍ നിന്നോ വില്ലേജ്‌ ഓഫീസില്‍ നിന്നോ എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ മുതല്‍ ഇന്ന് മണല്‍ പാസ് കിട്ടാന്‍ വരെ പാര്‍ട്ടി അനുയായികള്‍ക്ക് നല്ല പാടാണ്.

"അതെന്താ അച്ഛ അവുഞ്ഞിക്കാട്ടെ തിറക്ക് നമ്മള് പോവാത്തെ?"
ജാതിയും മതവും അച്ഛന്‍ നോക്കുന്നത് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഈ തിറക്ക് ഞങ്ങളും പോയിരുന്നില്ല.

"നായന്മാര്‍ അതിനു സാധാരണ പോവാറില്ല"  പുരോഗമാനക്കാരനായ അച്ഛന്‍റെ മറുപടി അന്നെന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ജാതിയും മതവും ജന്മിത്വവും പാരമ്പര്യവും അടിയുറച്ച് നില്‍ക്കുന്ന ഒരു സമൂഹത്തില്‍ പൂര്‍ണമായ ഒരു മാറ്റം വരാനും വിപ്ലവം നടക്കാനും സമയമെടുക്കും എന്നും ഒരു സുപ്രഭാതം കൊണ്ട് സമൂഹത്തില്‍ മാറ്റം വരണം എന്നത് സ്വപ്നം മാത്രമാണെന്നും കാലക്രമേണ ഞാന്‍ മനസ്സിലാക്കി.

"മറക്കാട്ടിരി തിറയില്ലേ. അത് നായന്മാരുടെ തിറയാണ്. എല്ലാ കൊല്ലത്തെയും പോലെ നമുക്ക്‌ അതിനു പോവാം. അച്ഛമ്മയുടെ തറവാട്ടുകാരാണ് അതിന്റെ ഊരായ്മക്കാര്‍ "

അച്ഛന്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കി തന്നു.

" നമ്മുടെ തിറക്ക് നായന്മാര്‍ ആവും കോമരം. അവുഞ്ഞിക്കാട്ടെതിനു തിയ്യന്മാരും. രണ്ടിനും ചെണ്ട കൊട്ടാന്‍ മാരാന്മാര്‍ വരില്ല; പെരുന്നാന്‍ (പെരുവണ്ണാന്‍ )മാരെ വരൂ."

അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെയായിയിരുന്നു ഓരോ തെയ്യവും തിറയും ജന്മമെടുത്തത്. എന്നാല്‍ ജാതിക്കൊമരങ്ങള്‍  അതിനെപ്പോലും എങ്ങനെ ഹൈജാക്ക് ചെയ്തു എന്നതിന് ഉത്തമ ഉദാഹരണം ആയിരുന്നു അത്. ഒരു ജാതിയില്‍പെട്ടവര്‍ നടത്തുന്ന ഉത്സവങ്ങള്‍ക്ക് മേല്‍ജാതിയില്‍ പെട്ടവര്‍ - പ്രത്യേഗിച്ചും സ്ത്രീകള്‍ - ഇന്നും പോവുന്നത് നാട്ടില്‍ വളരെ കുറവാണ്.

കൊയമ്പത്തൂരിനെയും മധുരയും പോലെ ജാതിയുടെ വേരോട്ടം കേരളത്തില്‍ ഇല്ലെങ്കിലും ജാതി എന്ന യാഥാര്‍ത്ഥ്യവും അതിന്റെ പേരിലുള്ള തരാം തിരിക്കലും ഇന്നും സത്യമാണ്. ജാതി-മത-വര്‍ണ-വര്‍ഗ-ലിംഗ വ്യത്യാസമില്ലാത്ത അന്യന്റെ സ്വരം സംഗീതം പോലെ കേള്‍ക്കാന്‍ കഴിയുന്ന നാളത്തെ പുലരിക്ക് വേണ്ടി നമുക്ക്‌ പോരാടാം;മുന്നോട്ടു പോകാം.

തുമ്പിയെക്കൊണ്ട് നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് കല്ലെടുപ്പിക്കുന്നത്?

ഇന്ന് ചേച്ചിയെ വിളിച്ചിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മോന്‍റെ പരീക്ഷയാണ്. നാളെത്തോടെ എല്ലാം കഴിഞ്ഞു സ്കൂള്‍ പത്തു ദിവസത്തിനു പൂട്ടും. ചെറുപ്പത്തില്‍ ദിവസങ്ങള്‍ എണ്ണിയെണ്ണി കാത്തിരുന്ന വെകെഷന്‍ ദിനങ്ങള്‍..,. ഡിസംബര്‍ ഒന്നാം തിയ്യതി തൊട്ടു തന്നെ കൌണ്ട് ഡൌണ്‍ തുടങ്ങുമായിരുന്നു.

നാട്ടിന്‍ പുറത്തെ ഒരു അണ്‍ എയ്ഡ്ഡ സ്കൂളില്‍ ആണ് മോന്‍ പഠിക്കുന്നത്. വലിയ പേരും ഫീസും ഒന്നും ഇല്ലാത്ത ചെറിയ ഒരു സ്കൂള്‍.,. പക്ഷെ സിലബസ്‌ എന്‍ സി ആര്‍ ടി ആണ്. ഗവണ്മെന്റ് സ്കൂളില്‍ പഠിച്ചാല്‍ മക്കള്‍ പഠിച്ചാല്‍ അവരുടെ ഭാവിക്ക് ദോഷം ചെയ്യും എന്നും നാളെ അവര്‍ നമ്മളെ ചോദ്യം ചെയ്യും എന്ന് കരുതുന്ന ലോവര്‍ മിഡില്‍ ക്ലാസ്സിന്റെ ഒരു പ്രധിനിതി മാത്രം.

ഇന്ന് ഇംഗ്ലീഷ് പരീക്ഷയായിരുന്നു. ചോദ്യങ്ങള്‍ കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി. ഒരു പരഗ്രാഫ് വായിച്ചു കുറെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം എഴുതാനാണ് ഒരു ചോദ്യം. മറ്റൊരു ചോദ്യം കുറെ വാക്കുകളുടെ ഒപ്പോസിറ്റ്‌ എഴുതാന്‍ ആണ്. Is ഉം was ഉം ടെന്‍സ് നോക്കി എഴുതാന്‍ മറ്റൊരു ചോദ്യം. ഞാനൊക്കെ പഠിക്കുമ്പോള്‍ ഒന്നിലും രണ്ടിലും സ്ലേറ്റും പെന്‍സിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ഇന്നത്തെ സിലബസുകള്‍ കാണുമ്പോള്‍ ആണ് ഡി പി ഇ പി പോലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ഗുണം ശരിക്കും ഓര്‍ക്കുന്നത്. തുമ്പികളെ കല്ലെടുപ്പിക്കുന്ന ഈ പരിപാടികളെ കൊണ്ട് ആര്‍ക്കു എന്ത് ഗുണമാണ് കിട്ടുന്നത്? കൂണ് പോലെ മുളച്ചു പൊന്തുന്ന അണ്‍ എയ്ഡഡ്‌ സ്കൂള്‍കള്‍ സത്യത്തില്‍ സമൂഹത്തിനോ കുട്ടികള്‍ക്കോ എന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോ? കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തില്‍ മണിക്കൂറുകളോളം ഹോം വര്‍ക്ക്‌ ചെയ്തും കാണാതെ പാഠങ്ങള്‍ പഠിച്ചും എന്ത് വിദ്യാഭ്യാസമാണ് നമ്മള്‍ നേടുന്നത്? ഇതിലേറെ കഷ്ടം ഈ സ്കൂളിലെ ടീച്ചെര്‍മാരുടെ കാര്യം ആണ്. ഇത്രയും വലിയ സിലബസും താങ്ങണം; അവര്‍ക്കും രാത്രി ഹോം വര്‍ക്ക്‌ കാണും. എന്നാല്‍ കിട്ടുന്ന ശമ്പളം 2000മോ 2500ഓ രൂപ മാത്രം.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും യുവജന സംഘടനകളും ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!!

Tuesday, October 30, 2012

പ്രിയപ്പെട്ട ഡിയേഗോ...

ഇന്ന് ഡിയേഗോ മറഡോണയുടെ 52ആം പിറന്നാള്‍ ആണ്. ലോകത്ത്‌ ചെഗുവേര കഴിഞ്ഞാല്‍ എന്നെ ഇത്രത്തോളം പ്രചോദിപ്പിച്ച; ഞാന്‍ ഇത്രത്തോളം ആരാധിക്കുന്ന (ഒരു വിപ്ലവകാരിയെ ആരാധിക്കാമോ എന്നൊന്നും ചോദിക്കല്ലേ) ഒരു വ്യക്തി ഇല്ല. ഒരു വിപ്ലവ നക്ഷത്രത്തെയും ഒരു ഫുട...
്ബാള്‍ താരത്തെയും ഒരേ തട്ടില്‍ തൂക്കി നോക്കാമോ എന്നൊക്കെ എത്രയോ പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്; എന്നാല്‍ മറഡോണയുടെ കാര്യം വരുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു.

1990കളുടെ ആദ്യ പകുതിയില്‍ ആണ് മറഡോണ എന്റെ മനസ്സില്‍ പതിഞ്ഞത്. ഫുട്ബാളിനെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന അതിനെ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ കാണുന്ന മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ ഹൃദയതിലോട്ടു ഡിയേഗോ കയറി വന്നത് തികച്ചും സ്വാഭാവികം ആയിരുന്നു. സത്യത്തില്‍ ദിയെഗോയുടെ ആകെ ഒന്നോ രണ്ടോ കളികളെ ലൈവ് ആയി ഞാന്‍ കണ്ടിട്ടുള്ളൂ. ഫുട്ബാള്‍ സീരിയസ് ആയി എടുത്തു തുടങ്ങിയ ആദ്യ ലോകകപ്പായ 1994ഇല്‍ തന്നെ മയക്കു മരുന്ന് ഉപയോഗം കാരണം ആ നക്ഷത്രം പുറത്തിരിക്കേണ്ടി വന്നു.

ഇന്ന് ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരിച്ചറിയപ്പെടുന്ന മുഖം ദിയഗോയുടെതായിരിക്കും. അര്‍ജെന്റിനയെ 1986 ലെ ലോകകപ്പ്‌ ഒരു പരിധി വരെ ഒറ്റയ്ക്ക് ജയിപ്പിക്കുകയും (he scored or assisted 10 of Argentina's 14 goals including the assist for the winning goal in the final) 1990ലെ ലോകകപ്പില്‍ കപ്പിന് തൊട്ടടുത്തെത്തിക്കുകയും ചെയ്തത് (ഫൈനലില്‍ എത്തിയ അര്‍ജെന്റിന 85ആം മിനുട്ടിലെ വിവാദ പെനാല്‍ട്ടിയിലാണ് തോറ്റത്) ഒരു പരിധി വരെ ഈ അഞ്ചടി അഞ്ചിഞ്ച് ഉയരക്കാരനായിരുന്നു. ലോകത്ത്‌ ഏറ്റവും മികച്ച താരമായി ജനങ്ങള്‍ തിരഞ്ഞെടുത്തതും നൂറ്റാണ്ടിലെ മികച്ച ഗോളിന്റെ ഉടമയായി
തിരഞ്ഞെടുത്തതും മറ്റാരെയും അല്ലായിരുന്നു.

ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ചെയുടെ അടിയുറച്ച ആരാധകനാണ് താനും എന്ന് ഡിയേഗോ കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യം തുറന്നു പറഞ്ഞത്‌ എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷമായിരുന്നു. കഴിഞ്ഞ ആഴ്ച ഡിയേഗോ കണ്ണൂരില്‍ വന്നപ്പോള്‍ നാട്ടില്‍ ഇല്ലാത്തത് കൊണ്ട് കാണാന്‍ കഴിയാഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നും. ഒരു പക്ഷെ അര്‍ജെന്റ്യ്ന്‍ ഫുട്ബാളിന്റെ ഭ്രാന്തനായ ആരാധകന്‍ ആയി എന്നെ മാറ്റിയത്‌ ഡിയേഗോ ആയിരിക്കും.

ലോകത്ത്‌ ഫുട്ബാള്‍ അത്ഭുതങ്ങള്‍ എന്നും ഉണ്ടായിട്ടുണ്ട്. പെലെ, യോഹാന്‍ ക്രിഫ്‌, സിദാന്‍ തുടങ്ങി മെസ്സി വരെ. എന്നാല്‍ ലോകഫൂടബാളിലെ ഒരേയൊരു ചക്രവര്‍ത്തി; ഒരേയൊരു ദൈവം എന്നും ഡിയേഗോ ആയിരിക്കും. പ്രിയപ്പെട്ട ഡിയേഗോ; നിന്നെ ഞങ്ങള്‍ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു; ഹൃദയത്തിന്റെ ഭാഷയില്‍ ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു. ലോകത്ത്‌ ഫുട്ബാള്‍ നിലനില്‍ക്കുന്നിടത്തോളം കാലം നിന്റെ ഓര്‍മ്മകള്‍ ഉണ്ടാവും.


Monday, July 30, 2012

തിരിഞ്ഞു നോക്കുമ്പോള്‍....


ചെറുപ്പത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എന്നും ഓരോ ഓര്‍മ്മകള്‍ തികട്ടിവരാരുണ്ട്. ഞങ്ങടെ സ്കൂള്‍ (ചാലിയപ്രം ഗവണ്മെന്റ് യു പി സ്കൂള്‍) ഷിഫ്റ്റ്‌ വ്യവസ്ഥയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 6-7 ക്ലാസ്സുകള്‍ക്ക് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെയും ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ക്ലാസ്സുകള്‍ക്ക് ഉച്ചക്ക് ഒരു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയും ആയിരുന്നു പ്രവര്‍ത്തന സമയം.


അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഞ്ചു മിനുട്ടെങ്കിലും വൈകീട്ടേ എന്നും ക്ലാസ്സില്‍ എത്താരുണ്ടായിരുന്നുളൂ. ആദ്യത്തെ പീരീഡ്‌ മിക്കവാറും ക്ലാസ് മാഷ്‌ ആയിരുന്ന ശിവദാസന്‍ മാസ്ടരുടെത് ആയിരിക്കും. എന്റെ ചെവി പിടിച്ചു പൊന്നാക്കി കൊണ്ടാണ് എന്നും മാഷ്‌ ക്ലാസിലോട്റ്റ്‌ എന്നെ സ്വാഗതം ചെയ്തിരുന്നത്.


അമ്മയും ഞാനും എന്നും രാവിലെ ചീരാന്‍തൊടിയില്‍ പശുവിന് പുല്ലരിയാന്‍ പോവും. സമയം ഉച്ചയായി എന്ന് അറിയുന്നത് പള്ളിയില്‍ 12.20-12.25നുള്ള ബാങ്ക് വിളി കേള്‍ക്കുമ്പോലാണ്. വീട്ടില്‍ റേഡിയോ പോലും ഇല്ലാത്ത സമയമാണത്. വീട്ടില്‍ സമയമരിയാനുള്ള ഒരേയൊരു ഉപാധി അച്ഛന്റെ വാച്ചാണ്. വീട്ടിലെ ഏറ്റവും അമുല്യമായ വസ്തു ആയതിനാല്‍ പുറത്തു പോവുമ്പോള്‍ ഞങ്ങല്‍ ഒരിക്കലും അത് കയ്യില്‍ വക്കാരില്ലായിരുന്നു. 


ബാങ്ക് വിളി കേട്ടാല്‍ പിന്നെ ഒരു ഓട്ടമാണ്. ആദ്യം കുളത്തില്‍ പോയി കുളിക്കും. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്നും എണ്ണയും സോപ്പും തോര്‍ത്തും കയ്യില്‍ കരുതാരുണ്ടായിരുന്നു. കുളി കഴിഞ്ഞാല്‍ ഞാനും അമ്മയും വീട്ടിലോട്ട് ഓടാന്‍ തുടങ്ങും. അവിടുന്ന് അഞ്ഞൂറ് മീറ്ററോളം ദൂരെയാണ് വീട്. വീട്ടിലെത്തിയാല്‍ 2-3 മിനുറ്റ് കൊണ്ടാണ് ലഞ്ച് ഫിനിഷ്‌ ചെയ്യുന്നത്. രാവിലെ അമ്മ ചോറ് മാത്രം വെച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങുക. കറി വെക്കാന്‍ ഒരിക്കലും രാവിലെ സമയം കിട്ടാറില്ല. അത് കൊണ്ട് മിക്ക ദിവസങ്ങളിലും എന്റെ ലഞ്ച് ചോറില്‍ വെളിച്ചെണ്ണയും ഉപ്പും കൂട്ടികുഴച്ചതോ അതോ കഞ്ഞിയും പപ്പടം ചുട്ടതോ ആയിരിക്കും. എനിക്കാണെങ്കില്‍ അത് വല്യ ഇഷ്ടവും ആയിരുന്നു.


ലഞ്ച് കഴിഞ്ഞാല്‍ പിന്നെ ബാഗും തൂക്കി സ്കൂളിലോട്ടുള്ള ഓട്ടമാണ്. വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെയാണ് സ്കൂള്‍. അമ്പലത്തിലൂടെ തെക്കെപ്പാട്ടെ മുറ്റത്ത്‌ കയറി ഉള്ള ഷോര്‍ട്ട് കട്ട്‌ എല്ലാം കയറിയിറങ്ങിയാണ് സ്കൂളില്‍ എത്താറു. എന്നിട്ടും ഒരു മണി എന്ന മാന്ത്രിക സംഖ്യ എനിക്കൊരിക്കലും തൊടാന്‍ പറ്റിയിരുന്നില്ല.


അന്നൊരു ദിവസം പതിവിലും വൈകി, 1.10 കഴിഞ്ഞിട്ടായിരുന്നു സ്കൂളില്‍ എത്തിയത്. ക്ലാസ്സിനു മുന്‍പില്‍ എത്തിയപ്പോള്‍ ശിവദാസന്‍ മാഷ്‌ ബോര്‍ഡില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. എന്നെ കണ്ടതും ചിരിച്ചു കൊണ്ട് ക്ലാസ്സില്‍ കയറിയിരിക്കാന്‍ പറഞ്ഞു. ചെവിയുടെ പുറത്തു മാഷ്‌ ചെങ്കൊടി വരക്കുന്നത് ഓര്‍ത്ത് പേടിച്ചു കൊണ്ടിരുന്ന ഞാന്‍ ഒരു അത്ഭുതത്തോടെ സീറ്റില്‍ പോയി ഇരുന്നു. അഞ്ചു മിനുറ്റ് കഴിഞ്ഞപ്പോള്‍ മാഷ്‌ എന്റെ അടുത്ത് വന്നു പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു; നിനക്ക് എല്‍ എസ് എസ് കിട്ടിയിട്ടുണ്ട്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരു നിമിഷം; എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങടെ സ്കൂളിലെ ഒരു കുട്ടിക്ക് എല്‍ എസ് എസ് കിട്ടുന്നത്.


അത് വീട്ടില്‍ പറയുമ്പോള്‍ വീട്ടുകാരുടെ മുഖത്ത് വിരിയാന്‍ പോവുന്ന അത്ഭുതം ഒര്തിട്ടായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം. അത്രയും വലിയ സന്തോഷം ഇനി ജീവിതത്തില്‍ ഇതു സര്‍പ്രൈസ് സമ്മാനം കിട്ടിയാലും ഉണ്ടാവും എന്ന് തോന്നുന്നില്ല. എന്നും ഞാന്‍ നന്നായി പഠിക്കണമെന്ന് എന്നേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത്‌ വീട്ടുകാരായിരുന്നു. ജീവിതത്തില്‍ അവര്‍ക്ക്‌ നേരിട്ട കൈപ്പുനീര്‍ എന്നിലൂടെ മറികടക്കണം എന്ന ഒരേ ഒരു ലക്ഷ്യമായിരുന്നു അവര്‍ക്ക്‌. ഇത്രയും കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ആഗ്രഹങ്ങള്‍ പലപ്പോളും  ത്യജിക്കേണ്ടി വന്നതിന്റെ ദുഃഖം ഉണ്ടെങ്കിലും വലിയ അഭിമാനമുണ്ട്. ശൂന്യതയില്‍ നിന്ന് ഇത്രയെങ്കിലും എത്തിയല്ലോ!!


Wednesday, July 11, 2012

ശുഭദിനം.....



മലയാളിക്ക്‌ വിഷുവും ദീപാവലിയും പോലെയാണ് ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് പ്രൊജക്റ്റ്‌ റിലീസിംഗ് ദിവസം.വിഷുവിനും ദീപാവലിക്കും തീ കൊടുത്ത പടക്കം പോട്ട്ന്നതിനെക്കളും വേഗത്തിലാവും പ്രൊഡക്ഷനില്‍ കയറിയാല്‍ കോഡ് പൊട്ടുന്നത്‌. കൂടെ കൈനീട്ടമായ് ക്ലയന്റില്‍ നിന്നും സ്വന്തം മാനേജര്‍ മാറില്‍ നിന്നും കുറെ തെറി വിളികളും!!

അത് സായിപ്പിന്റെ നാട്ടില്‍ വന്ന ശേഷമുള്ള എന്റെ ആദ്യ റിലീസ് ആയിരുന്നു. കുറച്ചു പൈസ ഉണ്ടാക്കണമെന്ന അധിമോഹം കാരണം ഇങ്ങോട്ട് വണ്ടി കയറുമ്പോള്‍ ഇങ്ങനെ ഓരോ മാരണങ്ങള്‍ വരുമെന്ന് കരുതിയില്ല. പ്രൊഡക്ഷനില്‍ കയറ്റാന്‍ നൂറു അപ്പ്രൂവല്‍ വേണം; ആയിരം പേരോട് ഉത്തരം പറയണം. അത് കൊണ്ട് അധികമാരും അറിയാതെ വേറൊരു കോഡിന്റെ കൂടെ തഞ്ചത്തില്‍ കയറ്റി വിട്ടതാണ്. 

രാത്രി കോഡ് എല്ലാം കയറ്റി വിട്ടു ഒന്നുറങ്ങാന്‍ പോയപ്പോഴേക്കും സമയം പുലര്‍ച്ചെ നാല് മണി. രാവിലെ ആര് മണിക്ക് ഓഫീസില്‍ പോയി സായിപ്പിനെ മുഖം കാണിക്കണം; പിന്നെയാണ് കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നത്. ഉറങ്ങാന്‍ രണ്ടു മണിക്കൂരില്‍ താഴെ സമയം മാത്രം. ഓരോന്നലോചിച് ഒന്ന് കണ്ണടക്കാന്‍ തുടങ്ങിയപ്പോലെക്കും സമയം നാലര കഴിഞ്ഞിരുന്നു. അപ്പൊ ദെ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അയ്യോ ഓഫ്ഷോര്‍ ആണ്.ചതിച്ചോ തമ്പുരാനെ!! എന്തെങ്കിലും പൊട്ടിയിട്ടുണ്ടാവും, തീര്‍ച്ച!!


“ഒരു പ്രശ്നം ഉണ്ട്” ഓഫ്ഷോര്‍കാരന്റെ ശബ്ദത്തിനു കുറച്ചു ഗൌരവം!!


“എന്താ, എന്താ പ്രശ്നം?”


“Leap year വരുമ്പോള്‍ നെക്സ്റ്റ് ബട്ടന്‍ ശരിക്കും വര്‍ക്ക്‌ ആവുന്നില്ല”


“ഓഹോ, ങ്ങും.ഇതു വല്ലപ്പോളും മാത്രം വരുന്ന ഒരു പ്രശ്നമാണ്. തല്ക്കാലം ആരോടും പറയേണ്ട. ഞാനും നീയും മാത്രം അറിഞ്ഞാല്‍ മതി. ആരും കണ്ടുപിടിക്കാന്‍ പോകുന്നില്ല.


“ഓകേ” ഫോണ്‍ വച്ചു.


വീണ്ടും ഉറക്കം വന്നു തുടങ്ങിയപ്പോലെക്കും അഞ്ചു മണി ആയി തുടങ്ങിയിരുന്നു!

5.15 ആയപ്പോഴേക്കും വീണ്ടും ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി.

വീണ്ടും ഓഫ്ഷോര്‍.


“മാഷേ വന്‍ പ്രശ്നം. ചീത്ത വിളിക്കരുത്‌"""" "

"എന്താ എന്ത് പറ്റി ? "

"സ്ക്രീനില്‍ സമയം കാണിക്കുന്നത് തെറ്റാണു. ഒരു പന്ത്രണ്ടു മണിക്കൂര്‍ വ്യത്യാസം ഉണ്ട്"

"ഇപ്പോ എത്രാ സമയം കാണിക്കുന്നെ?"

"5.15 AM"

"ഇതു ടെസ്റ്റ്‌ ചെയ്തപ്പോള്‍ നമ്മള്‍ കണ്ടില്ല്ലയിരുന്നോ?" 

"ഇല്ല; അന്നൊരു പ്രശ്നവും ഇല്ലായിരുന്നു. അന്ന് ശരിക്കും വര്‍ക്ക്‌ ചെയ്തതാ"

"അതില്‍ അമേരിക്കന്‍ സമയമാ കാണിക്കുന്നത്. അത് ശരിയുമാണ്. ടെസ്റ്റ്‌ ചെയ്തപ്പോലും ഇതു തന്നെയായിരുന്നു നമുക്ക്‌ കിട്ടിയത്‌""
"
"ഓ ശരിയാണ് ശരിയാണ്. ഇപ്പൊ ഞാന്‍ ഓര്‍ക്കുന്നു"

"ഓക്കേ" ഒരു മിനിറ്റ് മൌനത്തിനു ശേഷം ഞാന്‍  ഫോണ്‍ വച്ചു. ഉറക്കം കളഞ്ഞതിനു വിളിക്കാനുള്ള തെരികളെല്ലാം ആ മൌനത്തില്‍ ഉണ്ടായിരുന്നു.

10 മിനുട്ട് കൂടി വെറുതെ കിടന്നതിനു ശേഷം എണീറ്റ്‌ പ്രഭാത ക്രിത്യങ്ങളെല്ലാം ചെയ്ത് അമേരിക്കയിലെ അവിവാഹിത സോഫ്റ്റ്‌വെയര്‍ എങ്ങിനീയരുടെ അടിസ്ഥാന പ്രഭാത ഭക്ഷണമായ ഒരു പിടി ഓട്ട്സ് കഴിച്ചു ഹാളില്‍ വന്നപ്പോലെക്കും ആറു മണിക്ക് ഒരു മിനുട് കൂടി ബാക്കിയുണ്ട്. ചുമ്മാ ഒരു കടമ പോലെ ഒരു മിനിറ്റ് കളയാന്‍  ഫെസ്ബൂകില്‍ ലോഗിന്‍  ചെയ്തു.

ലോഗ് ഓഫ്‌ ചെയ്യാന്‍ നോക്കിയപ്പോലെക്കും ധാ ഒരു ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നു.

"ഏട്ടാ  എന്തൊക്കെ ഉണ്ട്  വിശേഷം? എന്നെ ഓര്‍മ്മയുണ്ടോ? കുറെ ദിവസമായി ഞാന്‍ ഒന്ന് കോണ്ടാക്റ്റ്‌ ചെയ്യണമെന്നു വിചാരിക്കുന്നു."

ദൈവമേ അവളാണ്. കഴിഞ്ഞ ആറുദിവസമായി വിടാതെ ഫെസ്ബൂകില്‍ ഹായ് പറഞ്ഞിട്ടും ഒരിക്കല്‍ പോലും ഒന്ന് തിരിഞ്ഞു നോക്കാത്ത, നമ്പര്‍ കിട്ടിയ അന്ന് മുതല്‍ വിളിക്കാന്‍ ശ്രമിച്ചിട്ട് ഒരിക്കല്‍ പോലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാത്ത അവള്‍ തിരിച്ച് പിംഗ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതും ഈ സമയത്ത്!! ഭഗവാനെ എന്ത് ചെയ്യും?? ഒന്നും ആലോചിക്കാന്‍ സമയമില്ലാത്തത് കൊണ്ട് തിരിച്ചൊരു ഹായ് പോലും പറയാന്‍ നില്‍ക്കാതെ ഞാന്‍ ഇറങ്ങി. 

പത്തു പതിനഞ്ചു മിനുടിനുള്ളില്‍ ഓഫീസില്‍ എത്തി. എല്ലാവരോടും ശുഭ ദിനം പറഞ്ഞു സീറ്റില്‍ പോയിരുന്നു മെയില്‍ ഒക്കെ ചെക്ക്‌ ചെയ്യാന്‍ തുടങ്ങി. എന്റെ  മനസ്സ് അപ്പോളും അവളില്‍ ഉടക്കി കിടക്കുകയായിരുന്നു. കുറച്ചു ദിവസം നന്നായി സംസാരിച്ചു നോക്കണം. പിന്നീട് പ്രൊപ്പോസ്  ചെയ്യണം. അടുത്ത പത്തു വര്‍ഷങ്ങളിലെ പ്ലാനിംഗ് മനസ്സില്‍ തുടങ്ങി.  ഏഴുമണി കഴിഞ്ഞപ്പോലെക്കും ഒരു സുഹൃത്ത വരുന്നു; അവന്റെ പ്രൊജക്റ്റ്‌ പ്രോഡക്ഷനില്‍ ശരിക്ക് വര്‍ക്ക്‌ ചെയ്യുന്നില്ല. 

"അളിയാ നിനക്ക് പ്രശ്നം വല്ലതും ഉണ്ടോ?"

"ഇല്ലെട എനിക്കെല്ലാം ഒകെയാണ്" കോഡ് ചെയ്യുമ്പോള്‍ വല്ലടത്തും നോക്കി ചെയ്യരുത്‌ എന്ന് പറയാന്‍ മനസ്സില്‍ തോന്നിയെങ്കിലും രാവിലെ ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല.

എഴാരയായപ്പോലെക്കും അഞ്ചാറു സുഹൃത്തുക്കള്‍ അടുത്ത് വന്നും ചാറ്റിലും ഒക്കെയായി അവരുടേതും വര്‍ക്ക്‌ ചെയ്യുന്നില്ല എന്ന് പറഞ്ഞു. ഹോ എല്ലാവര്ക്കും പ്രശ്നമുണ്ട്. രാവിലെ അവളുടെ പിംഗ് കണ്ടത് കാരണം ഞാന്‍ മാത്രം രക്ഷപ്പെട്ടു. അവള്‍ എന്റെ ജീവിതതിലോട്ടു ഭാഗ്യം കൊണ്ട് വരും; എന്റെ  മനസ്സ് പറഞ്ഞു.

എട്ടുമണി ആയപ്പോലെക്കും ഒരു ക്ലയന്റ് വിളിക്കുന്നു.

" ഒന്ന് എന്റെ സീറ്റ്‌ വരെ വരോ?"

ഓ എന്തെങ്കിലും സംശയം ചോദിയ്ക്കാന്‍ ആയിരിക്കും. സായിപ്പിനെ  (കള്ളം)പറഞ്ഞു പഠിപ്പിച്ചു കൊടുക്കാനും നമ്മള്‍ മലയാളികള്‍ വേണമല്ലോ.

"ഇവിടെ എന്തോ ഒരു ചെറിയ പ്രശ്നമുണ്ട്. " സ്ക്രീനിന്റെ ഒരു സൈഡ് ചൂണ്ടിക്കാണിച്ചു ക്ലയന്റ് പറഞ്ഞു"

ഞാന്‍ കുറച്ചു നേരം സൂക്ഷിച്ചു നോക്കി ഒന്നും മനസ്സിലാവാതെ  എന്റെ സീട്ടിലോട്റ്റ്‌ മടങ്ങി. 

പത്തു മിനുറ്റ് കഴിഞ്ഞപ്പോലെക്കും പഴയ ക്ലയന്റ് വേറെ രണ്ടു മൂന്നു സായിപ്പന്മാരെയും കൂട്ടി എന്റെ അടുത്തെത്തി.

"പ്രശ്നം എന്താണെന്ന് മനസ്സിലായോ?"

"ഇല്ല, ഞാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്"

8.30 ആയപ്പോലെക്കും  സീറ്റിനു ചുറ്റം പത്തില്‍ കൂടുതല്‍ സായിപ്പന്മാര്‍  ആയി. അതോടെ സംഭവം അത്ര പന്തിയല്ല എന്ന് എനിക്ക്  മനസ്സിലായി. അതോടെ കൈകാലുകള്‍ ചെറുതായി വിറക്കാന്‍ തുടങ്ങി. 

"നിന്റെ കോഡ് കാരണമാണ് ആരുടേയും പ്രൊജക്റ്റ്‌ വര്‍ക്ക്‌ ചെയ്യാത്തത്. ആ സബ് പ്രോഗ്രാമിലെ ലോജിക് കറക്റ്റ് അല്ല". കൂട്ടത്തിലെ മോട്ടതലയനായ സായിപ്പ്‌ ഉറക്കെ പറഞ്ഞു.

"ഇതു മൊത്തം ബിസിനെസ്സിനെയും ഹാന്ഗ് ആക്കിയിരിക്കാന്" സിഡില്‍ നിന്നും വേറൊരു സായിപ്പിന്റ്നെ കമന്റ്‌.

" കോഡ് ചെയ്യുമ്പോള്‍ വല്ലടത്തും നോക്കി ചെയ്യരുത്‌"""" സാധാരണ മിണ്ടാത്ത ഒരു മദാമ്മയുടെ കമന്റ്‌ ആണ്.  ഒരു മണിക്കൂര്‍ മുന്‍പ്‌  കൂട്ടുകാരനോട് പറയാന്‍ മടിച്ചു മാറ്റി വെച്ച അതെ ഡയലോഗ്!!

നാല് ഭാഗത്തും മെഷീന്‍ ഗണ്ണിനാലും AK-47നാലും വളയപ്പെട്ട ഒരു പിഞ്ചു കുട്ടിയുടെ അവസ്ഥയിലായി ഞാന്‍ ... രണ്ടു ഫുള്‍ അടിച്ചാല്‍ പോലും സ്റ്റഡി ആയി നില്‍ക്കുന്ന കൈ കാലുകള്‍ ആലില പോലെ വിറച്ചു തുടങ്ങി.

"ടെസ്റ്റ്‌ പ്ലാന്‍ ആരാണ് റിവ്യൂ ചെയ്തത്?" കൂട്ടത്തില്‍ മെലിഞ്ഞ സായിപ്പിന്റെ ചോദ്യമാണ്.

"സര്‍, ഞാന്‍ അത് സാറിന് മെയില്‍ അയച്ചു തന്നിരുന്നു" 

"അതുകൊണ്ട് കാര്യമില്ല. റിവ്യൂ ചെയ്തിരുന്നോ ഇല്ലേ?"

"മെയിലിനു മറുപടി കിട്ടാത്തത് കൊണ്ട് മൂന്നു തവണ reminder അയച്ചിരുന്നു."

"നിന്റെ മെയില്‍ നോക്കി നില്‍ക്കുകയല്ല എന്റെ ജോലി. ടെസ്റ്റ്‌ പ്ലാന്‍ റിവ്യൂ ചെയ്ത വാങ്ങേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്."

എന്ത് മറുപടി പറയണം എന്ന് അറിയാത്തത് കൊണ്ട് ഞാന്‍  മിണ്ടാതിരുന്നു.

"ഡിസൈന്‍ അപ്പ്രൂവല്‍ കിട്ടിയതാണോ?" ഇടതു ഭാഗത്ത്‌ നിന്ന തടിച്ച സായിപ്പിന്റെതാണ് ചോദ്യം.

"അതെ സര്‍.""

"എന്നാല്‍ ഡിസൈന്‍ കാണട്ടെ"

മുഖമടച്ചു ഒന്ന് കൊടുക്ക്‌; അപ്പൊ കാണാം അപ്പ്രോവല്‍ എന്നാ മിഥുനം സ്റ്റൈല്‍ ഡയലോഗ് പറയാനാണ് തോന്നിയതെന്കിലും ഒന്നും മിണ്ടാതെ ഡിസൈന്‍ തുറന്നു.

സായിപ്പ്‌ ഡിസൈന്‍ വള്ളി പുള്ളി വിടാതെ പരിശോടിക്കാന്‍ തുടങ്ങി.

"ഡിസൈനില്‍ ഉള്ള ഈ കോമ കോഡില്‍ കാണാനില്ലല്ലോ"

"സര്‍ അത് വെറും ഒരു കൊമയാ. ആ കൊമക്ക്  ഒരു വിലയുമില്ല. അതും നമ്മുടെ ഈ പ്രശ്നവുമായി ഒരു ബന്ദവുമില്ല"

"എന്റെ ചോദ്യം ആ കോമ കോഡില്‍ ഉണ്ടോ എന്നാണു" സായിപ്പിന്റെ ശബ്ദം കുറച്ചു പരുഷമായിരുന്നു.

"ഇല്ല സര്‍....... എന്നാലും അതും നമ്മുടെ പ്രശ്നവുമായി......"

"അപ്പൊ ഡിസൈന്‍ പോലെയല്ല കോഡ് ചെയ്തത്. അതാണ്‌ എല്ലാത്തിന്റെയും മൂല കാരണം." സായിപ്പ്‌ അങ്ങനെ കുറ്റം വൃത്തിയായി എന്റെ തലയില്‍ വെച്ച് കെട്ടി തന്നു. ക്ലയന്റി നോട് അധികം തര്‍ക്കികരുത് എന്നാ ഐ ടി നിയമം കാരണം എനിക്ക്  ഒന്നും പറയാനില്ലായിരുന്നു,

"ഇതു ഫിക്സ് ചെയ്തിട്ട് എന്ന് പോയാല്‍ മതി." അങ്ങനെ രോഗത്തിന് ചികിത്സയും വിധിച്ചു; എല്ലാവരും എന്റെ ചുറ്റിലും ഇരുന്നു സൊറ പറയാന്‍ തുടങ്ങി. ഞാനെങ്കില്‍ ത്രിശങ്കുവിലും.

ഉച്ചയായതോട് കൂടി എല്ലാവരും പോയി ഭക്ഷണ മൊക്കെ കഴിച്ചു വന്നു. പാവം എന്നോട്  ചോദ്യവും ഉത്തരവും ഒന്നുമില്ലായിരുന്നു.

നാല് മണി ആയതോടെ കൂട്ടത്തിലെ മെലിഞ്ഞ സായിപ്പ്‌ ദയ തോന്നിയിട്ടു വന്നു ചോദിച്ചു.

" നിനക്ക്  വല്ലതും കഴിക്കണോ?"

രാവിലെ ആറു മണിയുടെ മുന്‍പേ ഒരു  പിടി ഓട്ട്സ് കഴിച്ചതാണ്. വയര്‍ കരിഞ്ഞ മനം ആ ബില്‍ഡിംഗ് മുഴുവനും പരന്നിട്ടുന്ടെന്നു തോന്നുന്നു. ഞാന്‍  ദയനീയമായി മാനജേരുടെ മുഖത്തോട്ട് നോക്കി. ദെ പുള്ളി കണ്നുരുട്ടുന്നു. ഇല്ല, കഴിക്കാന്‍ ആയിട്ടില്ല.

"വേണ്ട സര്‍ വിശക്കുന്നില്ല"

"ശരി"  സായിപ്പ്‌ വീണ്ടും സൊറ പറച്ചിലും പഞ്ചാരയടിയും തുടങ്ങി. മാരണങ്ങള്‍, ഇവര്‍ക്ക്‌ സൊറ പറയണമെന്കില്‍ എന്തിനു എന്റെ സീറ്റില്‍ വന്നു പറയുന്നു.

അഞ്ചു മണി ആയതോടെ സായിപ്പന്മാര്‍ ഓരോരുത്തരായി എണീറ്റ് സ്ഥലം കാലിയാക്കാന്‍ തുടങ്ങി.

"ഇതു പ്രധാനപ്പെട്ട പ്രശ്നമാണ്. എന്ന് ഫിക്സ് ചെയ്തിട്ടേ പോവാന്‍ പാടുള്ളൂ" പോവുന്നതിന്റെ മുന്‍പേ ഓര്‍ഡര്‍ തരാന്‍ മറന്നില്ല.

"ശരി സര്‍, ഞങ്ങള്‍ ഫിക്സ് ചെയ്തിട്ടേ പോവൂ"  മാനേജരാണ് സായിപ്പിനോട് മറുപടി പറഞ്ഞത്‌.. ആ പന്നിക്ക് ഇങ്ങനെ വാക്ക് കൊടുത്താല്‍ മതിയല്ലോ; എല്ലാം ബാക്കിയുല്ലവന്റെ തലയിലാനല്ലോ!! ഞാന്‍  മനസ്സില്‍ പറഞ്ഞു.

"നിനക്ക് വല്ലോം കഴിക്കണോ??" മാനെജേര്‍ വന്നു ക്ഷേമാന്വേഷണം തുടങ്ങി.

"വേണ്ട, എന്തായാലും ഇത്ര  ആയില്ലേ. ഇനി ഈ പണി തീര്‍ത്തിട്ട് കഴിക്കാം"

"ഓക്കേ. എന്നാല്‍ ഞാന്‍ റൂമില്‍ പോയി ഒന്ന് ഫ്രഷ്‌ ആയി വരാം" ദെ മനെജേരും വലിഞ്ഞു.

എങ്ങനെയൊക്കെയോ രാത്രി പണ്ട്രണ്ടു മണിക്ക് പണിയും തീര്‍ത്തു അടുത്ത ഹോട്ടല്‍ തേടി ഇറങ്ങുമ്പോള്‍  ഐ ടി എന്ന മഹാ സാഗരത്തിന്റെ മറ്റൊരു മുഖം  എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു.!!










Wednesday, July 4, 2012

ഒരു ഡിസംബറിന്റെ ഓര്‍മയ്ക്ക്...


ഇന്നു മൂടാടിയുമായുള്ള ഒരു രാഷ്ട്രീയ തര്‍ക്കത്തിന്റെ ഇടയിലാണ്  ഇടതുപക്ഷത്തിനു  വര്‍ഗീയ ബന്ധമുണ്ടെന്ന്‍  സ്ഥാപിക്കാന്‍   പഴയ തിരഞ്ഞെടിപ്പുകളെ കുറിച്ച് ഓര്‍ക്കാന്‍ അവന്‍ പറഞ്ഞത്. വെറും ഒരു തര്‍ക്കത്തിന് വേണ്ടി പറഞ്ഞതാണെങ്കിലും പെട്ടെന്ന്‍ ഓര്‍ത്തപ്പോള്‍  എന്റെ രാഷ്ട്രീയ ബന്ധമുള്ള ആദ്യ ഓര്‍മ്മകള്‍ മനസ്സിലൂടെ വീണ്ടും ഒരു ഫ്ലാഷ് ബാക്ക് ആയി കടന്നു പോയി.

ഗാന്ധിയെയും നെഹ്രുവിനെയുമൊക്കെ പറ്റി ബാലവാടിയില്‍ പഠിച്ചിരുന്നെങ്കിലും ഞാന്‍ ആദ്യമായി കേട്ടറിഞ്ഞ ആക്റ്റീവ് രാഷ്ട്രീയക്കാരന്‍ പി പി തങ്കച്ചന്‍ ആയിരുന്നു. ഇ എം എസിനെയും, നായനാരെയും, വി എസിനെയുമെല്ലാം മനസ്സില്‍ പ്രതിഷ്ടിക്കുന്നതിന്റെ മുന്‍പേ തങ്കച്ചനെ മനസ്സില്‍ കുടിയിരുതിയത്തിനു കാരണം ചേച്ചിയാണ്. 1991ലെ ഓണപ്പരീക്ഷയ്ക്ക് വേണ്ടി നിയമസഭ സ്പീക്കര്‍ = തങ്കച്ചന്‍ എന്ന് ചേച്ചി കാണാതെ പഠിച്ചു കൊണ്ടിരുന്നത് എങ്ങനെയോ ഒരു ആറ് വയസ്സുകാരന്റെ മനസ്സില്‍ പതിഞ്ഞു. പിന്നെ കുറേക്കാലം രാഷ്ട്രീയം എന്നു കേട്ടാല്‍ ആദ്യം തങ്കച്ചനെ ഓര്മ വരുമായിരുന്നു. അച്ഛനും അമ്മയും കമ്മ്യൂണിസ്റ്റ്‌കാരായത് കൊണ്ട് ഞാനും കമ്മ്യൂണിസ്റ്റ്‌ ആണെന്നായിരുന്നു അന്നത്തെ ആകെയുള്ള രാഷ്ട്രീയ ബോധം. എന്നാല്‍ എന്നാല്‍ കംമിനിസം എന്താണെന്നോ സി പി എം, സി പി ഐ തുടങ്ങിയ സാധനങ്ങള്‍ ഉണ്ടെന്നോ ഒന്നും അന്ന് ഒരു അറിവും ഇല്ല. ജാതിയും, മതവും, വിശ്വാസവും ഒക്കെ കിട്ടുന്ന പോലെ രാഷ്ട്രീയവും വീട്ടുകാരില്‍ നിന്ന് പാരമ്പര്യമായി കിട്ടുന്നതാണ് എന്നായിരുന്നു അന്നത്തെ ചിന്താഗതി.

പിന്നീടുള്ള ഉറച്ച ഓര്മ 1992 ഇല്‍  ബാബറി പള്ളി പൊളിച്ചത് ആണ്. ഒരു മുസ്ലിം പള്ളി കുറച്ചു ഹിന്ദുക്കള്‍ പൊളിച്ചു എന്നല്ലാതെ അതിനു ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉള്ള സ്ഥാനമോ ഇന്ത്യയുടെ മതേതരത്വത്തിന് വിഭജനത്തിനു ശേഷം ഏല്‍പ്പിച്ച ഏറ്റവും വലിയ മുറിവാണ് അതെന്നു മനസ്സിലാക്കാനുള്ള വിവരമോ അന്നില്ലായിരുന്നു. അത് കഴിഞ്ഞു  മൂന്നു നാല്  ദിവസത്തിനുള്ളിലാണ് വീടിനു പത്തു കിലോമീറ്റര്‍ അടുത്തുള്ള മുണ്ടക്കുലത്ത് രണ്ടോ മൂന്നോ പേര്‍ കൊല്ലപ്പെട്ടത്. ഒരു ചായക്കടയില്‍ പള്ളി പൊളിച്ചതിന്റെ പേരില്‍ ഉണ്ടായ നിസ്സാര തര്‍ക്കം ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. പള്ളി പൊളിച്ചതോടെ മുസ്ലിം മനസ്സില്‍ ഉണ്ടായ അരക്ഷിതാവസ്ഥയും, സങ്കര്ഷങ്ങളും, പ്രതിഷേധവും   ഒരു തീപ്പൊരി വീണാല്‍ പോലും പോലും ആളിക്കതും എന്നതിന്റെ ഒരു ഉത്തമ   ഉദാഹരണമായിരുന്നു അത്. അതോടെ നാട്ടില്‍ നിരോധനാജ്ഞ വന്നു; കുറച്ചു ദിവസം സ്കൂളിനു അവധിയും കിട്ടി എന്നാണ് ഓര്മ.

എന്നാല്‍  ഞങ്ങള്‍ കുട്ടികളുടെ കണ്ണില്‍  ഈ സംഭവങ്ങള്‍  കൂടുതല്‍ ബാധിച്ചത് നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഉത്സവങ്ങളില്‍ ഒന്നായ അഖണ്ട നാമത്ത്തെയാണ് (മറ്റൊന്ന് തിറ മഹോത്സവം) . ഡിസംബറിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് എല്ലാകൊല്ലവും അഖണ്ട നാമം ഉണ്ടാവുക. അതായത് ബാബറി പള്ളി പൊളിച്ചു കഴിഞ്ഞു ഒരാഴ്ചക്കുള്ളില്‍. ഒരു ദിവസം രാവിലെ ആറ് മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ ഇരുപത്തിനാല്‍ മണിക്കൂര്‍  നീണ്ടു നില്‍ക്കുന്ന ചടങ്ങ്. അമ്പലത്തില്‍ പോയി ഉത്സവം കാണാം എന്നതില്‍ ഉപരി അന്ന് അച്ഛന്‍ വാങ്ങിച്ചു തരുന്ന ബലൂണ്‍, പീപ്പി, കാറ് എന്നിവയായിരുന്നു ഉത്സവത്തോട് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. എന്നാല്‍ നിരോധനാജ്ഞ കാരണം പോലിസ് ഉത്സവത്തിന്‌ കടുത്ത നിയന്ത്രണം കൊണ്ട് വന്നു; ഇരുപത്തിനാല്‍ മണിക്കൂര്‍ എന്നത് പണ്ട്രണ്ടു മണിക്കൂര്‍ ആക്കി മാറ്റി; രാവിലെ ആറ് മുതല്‍ വൈകീട്ട്  ആറ് വരെ മാത്രം; അതും മൈക്ക് വെക്കാന്‍ പാടില്ല; ഉറക്കെ ശബ്ദമുണ്ടാക്കാന്‍ പാടില്ല എന്നിങ്ങനെ കര്‍ശന നിയന്ത്രണങ്ങളും.

 എന്നാല്‍ ഞങ്ങളെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് പോലീസിന്റെ മറ്റൊരു നിയന്ത്രനമായിരുന്നു; ഉത്സവപ്പറമ്പിലെ  കച്ചവടത്തിന്റെ നിരോധനം.
കൊല്ലത്തില്‍ രണ്ടു തവണ; തിറക്കും അഖണ്ട നാമതിനും മാത്രം കിട്ടിക്കൊണ്ടിരുന്ന ബലൂണും പീപ്പിയും  ഇക്കൊല്ലം കിട്ടില്ല എന്ന സത്യം ഒരു ഏഴു വയസ്സ് കാരന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്തായാലും ആ ഉത്സവം കഴിഞ്ഞതോടെ ക്ലാസ്സിലെ ഞങ്ങള്‍ കുട്ടികളെല്ലാം പള്ളി പോളിച്ചവരെ വെറുത്തു. ബലൂണ്‍ കിട്ടാത്തതോ പീപ്പി കിട്ടാത്തതോ കാരണം എന്ത് തന്നെയായാലും ചരിത്രത്തിന്റെ ഒരു നിയോഗം പോലും ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ പോലും ഫാസിസതിനെതിരെയുള്ള എതിര്‍പ്പ് ഉണ്ടായിതീരാന്‍ ബാബറി ദുരന്തം ഒരു കാരണമായി. ചിലപ്പോളെല്ലാം ഇന്നും ഞാന്‍ ഫാസിസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഈ സംഭവം മനസ്സില്‍ ഓടിയെത്താരുണ്ട്; ഫാസിസത്തെ വെറുക്കണം എന്നും എതിര്‍ക്കണം എന്നും എന്നെ ആദ്യം പഠിപ്പിച്ചത് ചിലപ്പോള്‍ ഈ സംഭവം ആയിരിക്കും .

Tuesday, June 19, 2012

ബൊളിവാര്‍ഡും ഞാനും..

2011 ഫെബ്രുവരി 26ന് ആയിരുന്നു എബ്രഹാം ലിങ്കന്റെയും, മാര്‍ട്ടിന്‍ ലൂതരുടെയും, നോം ചോമ്സ്കിയുടെയും മണ്ണില്‍ കാലെടുത്തു കുത്തിയത്. നാട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ മൂടു എയര്‍പോര്‍ട്ടില്‍ എത്താമെന്ന് പറഞ്ഞിരുന്നു. എങ്കിലും നീണ്ട നേരത്തെ ഇമ്മിഗ്രറേന്‍ ചെക്കിംഗ് ക്യൂവില്‍ നില്‍ക്കുമ്പോള്‍ നല്ല ടെന്‍ഷന്‍; അവന്‍ എത്തിക്കാനുമോ? ഇല്ലെങ്കില്‍ സായിപ്പിനോട്‌ വഴി എങ്ങനെ ചോദിക്കും? ഹോളിവുഡ് സിനിമകളൊന്നും കാണുന്ന ദുശ്ശീലം  ഇല്ലാത്തതുകൊണ്ട് സായിപ്പ് പറയുന്ന ഒരക്ഷരം എനിക്കും ഞാന്‍ പറയുന്നത് സായിപ്പിനും   മനസിലാവില്ല .  ഇമ്മിഗ്രറേന്‍ ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങി മുന്നില്‍ പോകുന്നവരെ വിടാതെ പിന്തുടര്‍ന്ന് അവസാനം എയര്‍പോര്‍ട്ട് ന്റെ വാതില്‍ക്കല്‍ എത്തി. ഞാന്‍ പുറത്തുള്ളവരെ മൊത്തം സ്കാന്‍ ചെയ്യാന്‍ തുടങ്ങി. കുറെ പേര്‍ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കുന്നു; കുറെ പേര്‍ നെയിം ബോര്‍ഡുമായി സ്വീകരിക്കേണ്ടാവരെ തിരയുന്നു; എവിടെ മൂടു? തമ്പുരാനെ!!
വാതിലിന്റെ വലത്തേ അറ്റത്തോട്ടു നോക്കിയപ്പോള്‍ ശ്വാസം നേരെ വീണു. ഒരു ആറരയടി നീളമുള്ള ചിരിയുമായി ദേ മൂടു. ഹോ സമാധാനമായി! അടുത്ത് നിന്ന രൂപത്തെ അപ്പോളാണ് ശ്രദ്ധിച്ചത്. ആദിവാസി സണ്‍ ഗ്ലാസ്‌ വെച്ച പോലെ ഒരു ഒരു അത്ഭുത ജീവി എന്നെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ടിരിക്കുന്നു. അയ്യോ എ പി ടി അല്ലെ അത്?മുഖത്തിന്റെ പകുതി ഗ്ലാസ്‌ കൊണ്ട് തന്നെ കവര്‍ ചെയ്തിട്ടുണ്ട്. ഏതോ റോഡ്‌ സൈഡില്‍ നിന്ന് ഫ്രീയായി കിട്ടിയ ഗ്ലാസ് ആണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം.
ലഗ്ഗേജും വണ്ടിയില്‍ കയറ്റി മയൂരയില്‍ നിന്നും ഭക്ഷണവും കഴിച്ചു തൌസനട് ഓക്സ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. മൂടു ആണ് വണ്ടി ഓടിക്കുന്നെ. ഞാന്‍ പിന്‍ സീറ്റിലാണ്.  മൂന്നു- നാല് ലൈന്‍ ഉള്ള   വിശാലമായ റോഡ്‌; റോഡില്‍ നിറയെ കാറുകളും. അപ്പൊ ഇതാണ് ഞാന്‍ വായിച്ചറിഞ്ഞ അമേരിക്ക. ലോകത്ത് ഏറ്റവും കൂടുതല്‍ കാറുകള്‍ ഉള്ള രാജ്യം. അതോടൊപ്പം ലോകത്ത് ഏറ്റവുമധികം പെട്രോളിയം കുടിച്ചു വറ്റിക്കുന്ന; ആളോഹരി നോക്കുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണം വരുത്തുന്ന രാജ്യം.

അപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്; മൂടു ഇടക്കിടക്ക് എന്നെ തിരിഞ്ഞു നോക്കുന്നു.

"എന്താ അളിയാ, എന്താ നോക്കുന്നെ"
"ഒന്നുമില്ലെടാ"

എനിക്കാണെങ്കില്‍ ഗ്ലാമര്‍ കുറെ കൂടി കൂടിയെന്നല്ലാതെ വലിയ മാറ്റങ്ങളൊന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോ ദേ അവന്‍ വീണ്ടും നോക്കുന്നു. എനിക്കാകെ കന്ഫുഷന്‍ ആയി.

"എന്താ അളിയാ എങ്ങനെ നോക്കുന്നെ? ഗ്ലാമര്‍ കണ്ടിട്ടാണോ?"
"പോടെയ് പോടെയ്. ഞാന്‍ ബ്ല്യ്ന്റ്റ് സ്പോട്ടില്‍ നോക്കാ. അല്ലാതെ @$@@" 

അപ്പൊ ഇവിടെ വണ്ടി ലൈന്‍ മാറ്റണമെങ്കില്‍ ബ്ല്യ്ന്റ്റ് സ്പോട്ടിലും നോക്കണം. നാട്ടില്‍ ഒരു സൈക്കിള്‍ പോലും ഓടിക്കാത്ത എനിക്കെന്ത് അമേരിക്കന്‍ ബ്ല്യ്ന്റ്റ് സ്പോട്ട്!!
വണ്ടി മുന്നെട്ടു പോയിക്കെണ്ടെയിരിക്കുന്നു. ഞാന്‍ പുറത്തെ കാഴ്ചകള്‍ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുകയും.
അപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. റോഡിലെ പല സൈന്‍ ബോര്‍ഡുകളിലും BLVD എന്ന് എഴുതിയിരിക്കുന്നു. ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ. ഓ, അതെ പണ്ട് വിസ ഇന്റര്‍വ്യൂവിനു പോയുമ്പോള്‍ കമ്പനിയുടെ അമേരിക്കന്‍ അഡ്രസ്‌ കാണാതെ പഠിച്ചതില്‍ ഈ വാക്കും ഉണ്ടായിരുന്നു. xxxx Beloved, New Jersy .  അന്ന് തൊട്ടേ ഉള്ള സംശയമാ ഇവരെന്താ Beloved എന്ന് പേരിട്ടേ എന്ന്. എന്തിനാ മടിക്കുന്നെ  കൂടെയുള്ളത് രണ്ടു അമേരിക്ക ക്കാരല്ലേ; ചോദിച്ചു കളയാം.

"എന്താ അളിയാ ഇവര്‍ ഈ സ്ഥലത്തിനൊക്കെ Beloved എന്ന് പേരിടുന്നെ?"

ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിന്റെ മുന്‍പേ തന്നെ ദേ തൃശൂര്‍ പൂരത്തിന്റെ വെടികെട്ടു പോലെ പഞ്ചായത്ത് മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ എ പി ടി പൊട്ടിച്ചിരിച്ചു. 


"എടാ അത് Beloved അല്ല  Boulevard ആണ്" 
ദേ മൂടുവും ചിരി തുടങ്ങി. നമ്മളെ ആസ്സാക്കാന്‍ ആയി ഓരോ അവതാരങ്ങള്‍!!
എന്റെ വിശാലമായ ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍  IS ഉം WAS ഉം അല്ലാതെ ഇങ്ങനെ കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍ പണ്ടും ഇപ്പോളും ഇല്ലാത്തതുകൊണ്ട് ചോദ്യങ്ങള്‍ നിര്‍ത്താന്‍ തോന്നിയില്ല. എന്തായാലും നാറി; ഇനിയങ്ങു മുഴുവനാക്കാം!!

"അതെന്താട ഈ Boulevard ?"

"അതെടാ, നമ്മുടെ നാട്ടില്‍ ഈ മുക്ക് എന്നൊക്കെ പറയില്ലേ. അതിനു പകരം ഇവിടെ പറയുന്നതാ Boulevard ." എ പി ടിയാണ് വിശദീകരണം തന്നത്(അത് പകുതി തള്ള്  ആണെന്ന്  കുറച്ചു കാലം കഴിഞ്ഞപ്പോ മനസ്സിലായി). കൊല്ലത്ത് ഡിഗ്രിക്ക് പഠിച്ചതുകൊണ്ട് പിന്നെ മുക്കെന്താനെണ്ണ്‍ ചോദിക്കേണ്ടി വന്നില്ല. 


സായിപ്പിന്റെ നാട്ടുകാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അന്ന് തുടങ്ങിയ ശ്രമം ഇപ്പോളും തുടരുന്നു!!

ഉമ്മചിക്കുട്ടിയും നായരും



എട്ടാം ക്ലാസ്സില്‍ ചേര്‍ന്ന സമയം. വീട്ടില്‍ നിന്ന് രണ്ടു മൂന്നു കിലോമീറ്റര്‍ അകലെയുള്ള അടുത്ത ഗ്രാമത്തിലാണ് സ്കൂള്‍. നാട്ടിലെ സ്കൂളില്‍ എഴാം ക്ലാസ്സ്‌ വരെയേ അന്ന് ഉണ്ടായിരുന്നുള്ളൂ. കാലിനു മസ്സില്‍ വെക്കാന്‍ വേണ്ടി എന്നും രാവിലെ നേരെത്തെ എണീറ്റ് സ്കൂളിലോട്റ്റ് നടക്കാന്‍ തുടങ്ങും. എല്ലാം പുതിയ കൂട്ടുകാര്‍. ആദ്യ ദിവസം തന്നെ ഞാന്‍ അവളെ ശ്രദ്ധിച്ചു. തട്ടം കൊണ്ട് തലമറച്ച ചിരിക്കുമ്പോള്‍ മുഖത് നുണക്കുഴികള്‍ വരുന്ന സുന്ദരിക്കുട്ടി. എത്ര ദിവസം കഴിഞ്ഞിട്ടും  അവള്‍ ഞാനിരിക്കുന്ന ഭാഗതോട്ട്ട് നോക്കുന്നെ ഇല്ല. കൂടെയുള്ള ജാട പെമ്പില്ലെരോട് എപ്പോളും ഏറനാടന്‍ ഭാഷയുടെ സൌന്ദര്യത്തോടെ കല പില പറഞ്ഞു നടക്കുന്ന അവള്‍ അത്യാവശം നല്ല ബോറനായ    എന്നെ മനപൂര്‍വ്വം അവഗണിക്കുകയാണെന്ന് തോന്നുന്നു. അവസാനം അറ്റ കൈ പ്രയോഗിക്കാന്‍ ഞാന്‍ പഠിപ്പിസ്ടായി. ഓണപരീക്ഷ കഴിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ഒന്നാം സ്ഥാനം; മാത്ത്സില്‍ കിടു മാര്‍ക്കും. അതോടെ ചെറിയ മാറ്റം വന്നു തുടങ്ങി. ഹോം വര്‍ക്ക്‌ ഉള്ള എല്ലാം ദിവസവും അവള്‍ക്ക് എന്റെ മാത്ത്സ് നോട്ട് വേണം. എന്തിനതികം പറയുന്നു ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ അവള്‍ എന്റെ അടുത്ത കൂട്ടുകാരിയായി. എപ്പോകണ്ടാലും മനോഹരമായ നുണക്കുഴി കാണിച്ചു ചിരിക്കും; വിശേഷങ്ങള്‍ പറയും. എന്നും രാവിലെ എണീക്കുമ്പോള്‍ ഞാന്‍ പ്രോപോസ്  ചെയ്യാന്‍ പ്ലാന്‍ ചെയ്യും; അവളെ കാണുന്നതോടെ ഉള്ള ധൈര്യം എങ്ങോട്ടോ പോകും. അങ്ങനെ കൊല്ലാവസാനം അടുത്ത കൊല്ലം പറയാന്‍ വേണ്ടി മാറ്റി വച്ചു. പക്ഷെ അടുത്ത വര്ഷം തുടങ്ങിയപ്പോളാണ് ടീച്ചര്‍മാരുടെ കൊലച്ചതി അറിഞ്ഞത്; ഞങ്ങളെ ഡിവിഷന്‍ മാറ്റിയിരിക്കുന്നു. ഞാന്‍ 9(A)യില്‍  അവള്‍ ദെ 9(K) യില്‍ . സ്കൂളിലെ പത്താം ക്ലാസിലെ വിജയശതമാനം അമ്പതില്‍ എത്തിക്കാന്‍ ഓരോ പരീക്ഷണങ്ങള്‍!! പിന്നെ തമ്മില്‍ കാണുന്നതും മിണ്ടുന്നതും അപൂര്‍വമായി. കണ്ടാല്‍ ഒരു ചിരി മാത്രം ബാക്കി. അങ്ങനെ ഒന്‍പതു കഴിഞ്ഞു; പത്തു കഴിഞ്ഞു; പ്ലസ്‌ ടു ആയതോടെ വേറെ വേറെ സ്കൂളില്‍ ആയി. അതിനിടക്ക് എന്നോ അവളുടെ കല്യാണം കഴിഞ്ഞെന്നും കേട്ട്. പതിനെട്ടു വയസ്സിനുള്ളില്‍ പെണ്പില്ലെരെ കെട്ടിച്ചു വിടെണ്ടത് മലബാറിലെ അഖിലിത നിയമം ആയിരുന്നല്ലോ. ഇപ്പോളും നാട്ടിലെ ഏതെങ്കിലും ബസില്‍ കൂടെ മൂന്നാല് കുട്ടികളുമായി ഏതെങ്കിലും ഒരു താത്തക്കുട്ടി കേറിയാല്‍ ഒന്നും നോക്കും; ആ ചിരിയും നുണക്കുഴികളും ഒന്നുകൂടി കാണാമല്ലോ!!