ഇന്നു മൂടാടിയുമായുള്ള ഒരു രാഷ്ട്രീയ തര്‍ക്കത്തിന്റെ ഇടയിലാണ്
ഇടതുപക്ഷത്തിനു വര്‍ഗീയ ബന്ധമുണ്ടെന്ന്‍ സ്ഥാപിക്കാന്‍ പഴയ തിരഞ്ഞെടിപ്പുകളെ കുറിച്ച് ഓര്‍ക്കാന്‍ അവന്‍ പറഞ്ഞത്. വെറും ഒരു തര്‍ക്കത്തിന് വേണ്ടി പറഞ്ഞതാണെങ്കിലും പെട്ടെന്ന്‍ ഓര്‍ത്തപ്പോള്‍ എന്റെ രാഷ്ട്രീയ ബന്ധമുള്ള ആദ്യ ഓര്‍മ്മകള്‍ മനസ്സിലൂടെ വീണ്ടും ഒരു ഫ്ലാഷ് ബാക്ക് ആയി കടന്നു പോയി.
ഗാന്ധിയെയും നെഹ്രുവിനെയുമൊക്കെ പറ്റി ബാലവാടിയില്‍ പഠിച്ചിരുന്നെങ്കിലും ഞാന്‍ ആദ്യമായി കേട്ടറിഞ്ഞ ആക്റ്റീവ് രാഷ്ട്രീയക്കാരന്‍ പി പി തങ്കച്ചന്‍ ആയിരുന്നു. ഇ എം എസിനെയും, നായനാരെയും, വി എസിനെയുമെല്ലാം മനസ്സില്‍ പ്രതിഷ്ടിക്കുന്നതിന്റെ മുന്‍പേ തങ്കച്ചനെ മനസ്സില്‍ കുടിയിരുതിയത്തിനു കാരണം ചേച്ചിയാണ്. 1991ലെ ഓണപ്പരീക്ഷയ്ക്ക് വേണ്ടി നിയമസഭ സ്പീക്കര്‍ = തങ്കച്ചന്‍ എന്ന് ചേച്ചി കാണാതെ പഠിച്ചു കൊണ്ടിരുന്നത് എങ്ങനെയോ ഒരു ആറ് വയസ്സുകാരന്റെ മനസ്സില്‍ പതിഞ്ഞു. പിന്നെ കുറേക്കാലം രാഷ്ട്രീയം എന്നു കേട്ടാല്‍ ആദ്യം തങ്കച്ചനെ ഓര്മ വരുമായിരുന്നു. അച്ഛനും അമ്മയും കമ്മ്യൂണിസ്റ്റ്‌കാരായത് കൊണ്ട് ഞാനും കമ്മ്യൂണിസ്റ്റ് ആണെന്നായിരുന്നു അന്നത്തെ ആകെയുള്ള രാഷ്ട്രീയ ബോധം. എന്നാല്‍ എന്നാല്‍ കംമിനിസം എന്താണെന്നോ സി പി എം, സി പി ഐ തുടങ്ങിയ സാധനങ്ങള്‍ ഉണ്ടെന്നോ ഒന്നും അന്ന് ഒരു അറിവും ഇല്ല. ജാതിയും, മതവും, വിശ്വാസവും ഒക്കെ കിട്ടുന്ന പോലെ രാഷ്ട്രീയവും വീട്ടുകാരില്‍ നിന്ന് പാരമ്പര്യമായി കിട്ടുന്നതാണ് എന്നായിരുന്നു അന്നത്തെ ചിന്താഗതി.
പിന്നീടുള്ള ഉറച്ച ഓര്മ 1992 ഇല്‍ ബാബറി പള്ളി പൊളിച്ചത് ആണ്. ഒരു മുസ്ലിം പള്ളി കുറച്ചു ഹിന്ദുക്കള്‍ പൊളിച്ചു എന്നല്ലാതെ അതിനു ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉള്ള സ്ഥാനമോ ഇന്ത്യയുടെ മതേതരത്വത്തിന് വിഭജനത്തിനു ശേഷം ഏല്‍പ്പിച്ച ഏറ്റവും വലിയ മുറിവാണ് അതെന്നു മനസ്സിലാക്കാനുള്ള വിവരമോ അന്നില്ലായിരുന്നു. അത് കഴിഞ്ഞു മൂന്നു നാല് ദിവസത്തിനുള്ളിലാണ് വീടിനു പത്തു കിലോമീറ്റര്‍ അടുത്തുള്ള മുണ്ടക്കുലത്ത് രണ്ടോ മൂന്നോ പേര്‍ കൊല്ലപ്പെട്ടത്. ഒരു ചായക്കടയില്‍ പള്ളി പൊളിച്ചതിന്റെ പേരില്‍ ഉണ്ടായ നിസ്സാര തര്‍ക്കം ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. പള്ളി പൊളിച്ചതോടെ മുസ്ലിം മനസ്സില്‍ ഉണ്ടായ അരക്ഷിതാവസ്ഥയും, സങ്കര്ഷങ്ങളും, പ്രതിഷേധവും ഒരു തീപ്പൊരി വീണാല്‍ പോലും പോലും ആളിക്കതും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമായിരുന്നു അത്. അതോടെ നാട്ടില്‍ നിരോധനാജ്ഞ വന്നു; കുറച്ചു ദിവസം സ്കൂളിനു അവധിയും കിട്ടി എന്നാണ് ഓര്മ.
എന്നാല്‍
ഞങ്ങള്‍ കുട്ടികളുടെ കണ്ണില്‍ ഈ സംഭവങ്ങള്‍ കൂടുതല്‍ ബാധിച്ചത് നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഉത്സവങ്ങളില്‍ ഒന്നായ അഖണ്ട നാമത്ത്തെയാണ് (മറ്റൊന്ന് തിറ മഹോത്സവം) . ഡിസംബറിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് എല്ലാകൊല്ലവും അഖണ്ട നാമം ഉണ്ടാവുക. അതായത് ബാബറി പള്ളി പൊളിച്ചു കഴിഞ്ഞു ഒരാഴ്ചക്കുള്ളില്‍. ഒരു ദിവസം രാവിലെ ആറ് മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ ഇരുപത്തിനാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങ്. അമ്പലത്തില്‍ പോയി ഉത്സവം കാണാം എന്നതില്‍ ഉപരി അന്ന് അച്ഛന്‍ വാങ്ങിച്ചു തരുന്ന ബലൂണ്‍, പീപ്പി, കാറ് എന്നിവയായിരുന്നു ഉത്സവത്തോട് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. എന്നാല്‍ നിരോധനാജ്ഞ കാരണം പോലിസ് ഉത്സവത്തിന് കടുത്ത നിയന്ത്രണം കൊണ്ട് വന്നു; ഇരുപത്തിനാല്‍ മണിക്കൂര്‍ എന്നത് പണ്ട്രണ്ടു മണിക്കൂര്‍ ആക്കി മാറ്റി; രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ മാത്രം; അതും മൈക്ക് വെക്കാന്‍ പാടില്ല; ഉറക്കെ ശബ്ദമുണ്ടാക്കാന്‍ പാടില്ല എന്നിങ്ങനെ കര്‍ശന നിയന്ത്രണങ്ങളും.
എന്നാല്‍ ഞങ്ങളെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് പോലീസിന്റെ മറ്റൊരു നിയന്ത്രനമായിരുന്നു; ഉത്സവപ്പറമ്പിലെ കച്ചവടത്തിന്റെ നിരോധനം.
കൊല്ലത്തില്‍ രണ്ടു തവണ; തിറക്കും അഖണ്ട നാമതിനും മാത്രം കിട്ടിക്കൊണ്ടിരുന്ന ബലൂണും പീപ്പിയും
ഇക്കൊല്ലം കിട്ടില്ല എന്ന സത്യം ഒരു ഏഴു വയസ്സ് കാരന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്തായാലും ആ ഉത്സവം കഴിഞ്ഞതോടെ ക്ലാസ്സിലെ ഞങ്ങള്‍ കുട്ടികളെല്ലാം പള്ളി പോളിച്ചവരെ വെറുത്തു. ബലൂണ്‍ കിട്ടാത്തതോ പീപ്പി കിട്ടാത്തതോ കാരണം എന്ത് തന്നെയായാലും ചരിത്രത്തിന്റെ ഒരു നിയോഗം പോലും ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ പോലും ഫാസിസതിനെതിരെയുള്ള എതിര്‍പ്പ് ഉണ്ടായിതീരാന്‍ ബാബറി ദുരന്തം ഒരു കാരണമായി. ചിലപ്പോളെല്ലാം ഇന്നും ഞാന്‍ ഫാസിസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഈ സംഭവം മനസ്സില്‍ ഓടിയെത്താരുണ്ട്; ഫാസിസത്തെ വെറുക്കണം എന്നും എതിര്‍ക്കണം എന്നും എന്നെ ആദ്യം പഠിപ്പിച്ചത് ചിലപ്പോള്‍ ഈ സംഭവം ആയിരിക്കും .

No comments:
Post a Comment