"നാണിയെടത്യെ ങ്ങള് തിറക്ക് പോണില്യേ?"
അന്ന് അവുഞ്ഞിക്കാട്ടെ തിറയായിരുന്നു. നാട്ടിലെ പ്രധാന തിrകളില്‍ ഒന്ന്.
"ഇല്ല അനോ. അത് നമ്മടെ തറയല്ലല്ലോ. തിയ്യന്മാരുടെ അല്ലെ?"
അനു എന്നത് പെണ്‍കുട്ടികളുടെ പേരായത് കൊണ്ട് ചെറുപ്പത്തില്‍ ആര് എന്നെ അനു എന്ന് വിളിച്ചാലും ഞാന്‍ അടിയുണ്ടാക്കുമായിരുന്നു. എന്നാല്‍ എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമറിയാവുന്ന നാണിയെടത്തി വിളിച്ചാല്‍ മാത്രം ഞാന്‍ മിണ്ടാതെ കേള്‍ക്കും.
"അതെന്താ തിയ്യന്മാര്‍ക്ക് മാത്രം തിറ?"
"മാനുക്കുട്ടന്‍ നിന്റെ അടുത്ത് ഒന്നും പറഞ്ഞു തന്നില്ലേ? ഓ ഓന്‍ കമ്മ്യൂണിസ്റ്റ് ആണല്ലോ അല്ലേ?"
അതെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് ആണെന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഉറച്ച വേരോട്ടമുള്ള മറ്റു മലബാര്‍ ഗ്രാമങ്ങളെപ്പോലെയല്ല മലപ്പുറത്തെ ഗ്രാമങ്ങള്‍. ,. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉറച്ച കോട്ടയായ നാട്ടില്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ പോലും കമ്മ്യൂണിസ്റ്റ് എന്നത് അത്ര നല്ല വാക്കല്ല. പഞ്ചായത്ത് ഓഫീസില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ മുതല്‍ ഇന്ന് മണല്‍ പാസ് കിട്ടാന്‍ വരെ പാര്‍ട്ടി അനുയായികള്‍ക്ക് നല്ല പാടാണ്.
"അതെന്താ അച്ഛ അവുഞ്ഞിക്കാട്ടെ തിറക്ക് നമ്മള് പോവാത്തെ?"
ജാതിയും മതവും അച്ഛന്‍ നോക്കുന്നത് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഈ തിറക്ക് ഞങ്ങളും പോയിരുന്നില്ല.
"നായന്മാര്‍ അതിനു സാധാരണ പോവാറില്ല" പുരോഗമാനക്കാരനായ അച്ഛന്‍റെ മറുപടി അന്നെന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ജാതിയും മതവും ജന്മിത്വവും പാരമ്പര്യവും അടിയുറച്ച് നില്‍ക്കുന്ന ഒരു സമൂഹത്തില്‍ പൂര്‍ണമായ ഒരു മാറ്റം വരാനും വിപ്ലവം നടക്കാനും സമയമെടുക്കും എന്നും ഒരു സുപ്രഭാതം കൊണ്ട് സമൂഹത്തില്‍ മാറ്റം വരണം എന്നത് സ്വപ്നം മാത്രമാണെന്നും കാലക്രമേണ ഞാന്‍ മനസ്സിലാക്കി.
"മറക്കാട്ടിരി തിറയില്ലേ. അത് നായന്മാരുടെ തിറയാണ്. എല്ലാ കൊല്ലത്തെയും പോലെ നമുക്ക് അതിനു പോവാം. അച്ഛമ്മയുടെ തറവാട്ടുകാരാണ് അതിന്റെ ഊരായ്മക്കാര്‍ "
അച്ഛന്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കി തന്നു.
" നമ്മുടെ തിറക്ക് നായന്മാര്‍ ആവും കോമരം. അവുഞ്ഞിക്കാട്ടെതിനു തിയ്യന്മാരും. രണ്ടിനും ചെണ്ട കൊട്ടാന്‍ മാരാന്മാര്‍ വരില്ല; പെരുന്നാന്‍ (പെരുവണ്ണാന്‍ )മാരെ വരൂ."
അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെയായിയിരുന്നു ഓരോ തെയ്യവും തിറയും ജന്മമെടുത്തത്. എന്നാല്‍ ജാതിക്കൊമരങ്ങള്‍ അതിനെപ്പോലും എങ്ങനെ ഹൈജാക്ക് ചെയ്തു എന്നതിന് ഉത്തമ ഉദാഹരണം ആയിരുന്നു അത്. ഒരു ജാതിയില്‍പെട്ടവര്‍ നടത്തുന്ന ഉത്സവങ്ങള്‍ക്ക് മേല്‍ജാതിയില്‍ പെട്ടവര്‍ - പ്രത്യേഗിച്ചും സ്ത്രീകള്‍ - ഇന്നും പോവുന്നത് നാട്ടില്‍ വളരെ കുറവാണ്.
കൊയമ്പത്തൂരിനെയും മധുരയും പോലെ ജാതിയുടെ വേരോട്ടം കേരളത്തില്‍ ഇല്ലെങ്കിലും ജാതി എന്ന യാഥാര്‍ത്ഥ്യവും അതിന്റെ പേരിലുള്ള തരാം തിരിക്കലും ഇന്നും സത്യമാണ്. ജാതി-മത-വര്‍ണ-വര്‍ഗ-ലിംഗ വ്യത്യാസമില്ലാത്ത അന്യന്റെ സ്വരം സംഗീതം പോലെ കേള്‍ക്കാന്‍ കഴിയുന്ന നാളത്തെ പുലരിക്ക് വേണ്ടി നമുക്ക് പോരാടാം;മുന്നോട്ടു പോകാം.
