വാതിലിന്റെ വലത്തേ അറ്റത്തോട്ടു നോക്കിയപ്പോള്‍ ശ്വാസം നേരെ വീണു. ഒരു ആറരയടി നീളമുള്ള ചിരിയുമായി ദേ മൂടു. ഹോ സമാധാനമായി! അടുത്ത് നിന്ന രൂപത്തെ അപ്പോളാണ് ശ്രദ്ധിച്ചത്. ആദിവാസി സണ്‍ ഗ്ലാസ് വെച്ച പോലെ ഒരു ഒരു അത്ഭുത ജീവി എന്നെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ടിരിക്കുന്നു. അയ്യോ എ പി ടി അല്ലെ അത്?മുഖത്തിന്റെ പകുതി ഗ്ലാസ് കൊണ്ട് തന്നെ കവര്‍ ചെയ്തിട്ടുണ്ട്. ഏതോ റോഡ് സൈഡില്‍ നിന്ന് ഫ്രീയായി കിട്ടിയ ഗ്ലാസ് ആണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം.
ലഗ്ഗേജും വണ്ടിയില്‍ കയറ്റി മയൂരയില്‍ നിന്നും ഭക്ഷണവും കഴിച്ചു തൌസനട് ഓക്സ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. മൂടു ആണ് വണ്ടി ഓടിക്കുന്നെ. ഞാന്‍ പിന്‍ സീറ്റിലാണ്. മൂന്നു- നാല് ലൈന്‍ ഉള്ള വിശാലമായ റോഡ്; റോഡില്‍ നിറയെ കാറുകളും. അപ്പൊ ഇതാണ് ഞാന്‍ വായിച്ചറിഞ്ഞ അമേരിക്ക. ലോകത്ത് ഏറ്റവും കൂടുതല്‍ കാറുകള്‍ ഉള്ള രാജ്യം. അതോടൊപ്പം ലോകത്ത് ഏറ്റവുമധികം പെട്രോളിയം കുടിച്ചു വറ്റിക്കുന്ന; ആളോഹരി നോക്കുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണം വരുത്തുന്ന രാജ്യം.
അപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്; മൂടു ഇടക്കിടക്ക് എന്നെ തിരിഞ്ഞു നോക്കുന്നു.
"എന്താ അളിയാ, എന്താ നോക്കുന്നെ"
"ഒന്നുമില്ലെടാ"
എനിക്കാണെങ്കില്‍ ഗ്ലാമര്‍ കുറെ കൂടി കൂടിയെന്നല്ലാതെ വലിയ മാറ്റങ്ങളൊന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോ ദേ അവന്‍ വീണ്ടും നോക്കുന്നു. എനിക്കാകെ കന്ഫുഷന്‍ ആയി.
"എന്താ അളിയാ എങ്ങനെ നോക്കുന്നെ? ഗ്ലാമര്‍ കണ്ടിട്ടാണോ?"
"പോടെയ് പോടെയ്. ഞാന്‍ ബ്ല്യ്ന്റ്റ് സ്പോട്ടില്‍ നോക്കാ. അല്ലാതെ @$@@"
അപ്പൊ ഇവിടെ വണ്ടി ലൈന്‍ മാറ്റണമെങ്കില്‍ ബ്ല്യ്ന്റ്റ് സ്പോട്ടിലും നോക്കണം. നാട്ടില്‍ ഒരു സൈക്കിള്‍ പോലും ഓടിക്കാത്ത എനിക്കെന്ത് അമേരിക്കന്‍ ബ്ല്യ്ന്റ്റ് സ്പോട്ട്!!
വണ്ടി മുന്നെട്ടു പോയിക്കെണ്ടെയിരിക്കുന്നു. ഞാന്‍ പുറത്തെ കാഴ്ചകള്‍ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുകയും.
അപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. റോഡിലെ പല സൈന്‍ ബോര്‍ഡുകളിലും BLVD എന്ന് എഴുതിയിരിക്കുന്നു. ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ. ഓ, അതെ പണ്ട് വിസ ഇന്റര്‍വ്യൂവിനു പോയുമ്പോള്‍ കമ്പനിയുടെ അമേരിക്കന്‍ അഡ്രസ് കാണാതെ പഠിച്ചതില്‍ ഈ വാക്കും ഉണ്ടായിരുന്നു. xxxx Beloved, New Jersy . അന്ന് തൊട്ടേ ഉള്ള സംശയമാ ഇവരെന്താ Beloved എന്ന് പേരിട്ടേ എന്ന്. എന്തിനാ മടിക്കുന്നെ കൂടെയുള്ളത് രണ്ടു അമേരിക്ക ക്കാരല്ലേ; ചോദിച്ചു കളയാം.
"എന്താ അളിയാ ഇവര്‍ ഈ സ്ഥലത്തിനൊക്കെ Beloved എന്ന് പേരിടുന്നെ?"
ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിന്റെ മുന്‍പേ തന്നെ ദേ തൃശൂര്‍ പൂരത്തിന്റെ വെടികെട്ടു പോലെ പഞ്ചായത്ത് മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ എ പി ടി പൊട്ടിച്ചിരിച്ചു.
"എടാ അത് Beloved അല്ല Boulevard ആണ്"
ദേ മൂടുവും ചിരി തുടങ്ങി. നമ്മളെ ആസ്സാക്കാന്‍ ആയി ഓരോ അവതാരങ്ങള്‍!!
എന്റെ വിശാലമായ ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ IS ഉം WAS ഉം അല്ലാതെ ഇങ്ങനെ കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍ പണ്ടും ഇപ്പോളും ഇല്ലാത്തതുകൊണ്ട് ചോദ്യങ്ങള്‍ നിര്‍ത്താന്‍ തോന്നിയില്ല. എന്തായാലും നാറി; ഇനിയങ്ങു മുഴുവനാക്കാം!!
"അതെന്താട ഈ Boulevard ?"
"അതെടാ, നമ്മുടെ നാട്ടില്‍ ഈ മുക്ക് എന്നൊക്കെ പറയില്ലേ. അതിനു പകരം ഇവിടെ പറയുന്നതാ Boulevard ." എ പി ടിയാണ് വിശദീകരണം തന്നത്(അത് പകുതി തള്ള് ആണെന്ന് കുറച്ചു കാലം കഴിഞ്ഞപ്പോ മനസ്സിലായി). കൊല്ലത്ത് ഡിഗ്രിക്ക് പഠിച്ചതുകൊണ്ട് പിന്നെ മുക്കെന്താനെണ്ണ്‍ ചോദിക്കേണ്ടി വന്നില്ല.
സായിപ്പിന്റെ നാട്ടുകാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അന്ന് തുടങ്ങിയ ശ്രമം ഇപ്പോളും തുടരുന്നു!!

No comments:
Post a Comment